Home യൂറോപ്പ് അന്താരാഷ്ട്ര കരാട്ടെ മത്സരത്തില്‍ യുകെ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കാന്‍ കാരണം മലയാളി ; സ്വര്‍ണ്ണ മെഡല്‍...

അന്താരാഷ്ട്ര കരാട്ടെ മത്സരത്തില്‍ യുകെ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കാന്‍ കാരണം മലയാളി ; സ്വര്‍ണ്ണ മെഡല്‍ നേടിയത് ഗ്ലാസ്‌ഗോ മലയാളിയായ ടോം

73
0

ഗ്ലാസ്ഗോ : ജപ്പാനില്‍ വെച്ച് നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തില്‍ യു കെ ക്കു ചാമ്പ്യന്‍ പട്ടം. അതും വിജയം നേടിയത് മലയാളിയുടെ കൈക്കരുത്താലാണെന്നത് മലയാളികള്‍ക്കും അഭിമാനമായി മാറുകയാണ്. മത്സരത്തില്‍ ഒന്നാം സ്ഥാനവും, സ്വര്‍ണമെഡലും, മെറിറ്റ് സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കികൊണ്ടാണ് വിജയം നേടിയത് ഗ്ലാസ്‌ഗോയില്‍ നിന്നുള്ള ടോം ജേക്കബ് ആണ്. ജപ്പാനില്‍ ചിബാ-കെനിലെ, മിനാമിബോസോ സിറ്റിയില്‍ നടന്ന ഇന്റര്‍നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍, ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ കരാട്ടെ മത്സരാര്‍ത്ഥികള്‍ക്കൊപ്പം രണ്ടു ദിവസം നീണ്ട പോരാട്ടത്തില്‍ നിന്നാണ് ടോം ജേക്കബ് ചാമ്പ്യന്‍ പട്ടം ഉയര്‍ത്തിയത്. ഇന്ത്യയില്‍ നിന്നും ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌കോട്‌ലന്‍ഡിലെ ഇന്‍വര്‍ക്ലൈഡിലേക്ക് എത്തിയ ടോം പഠനത്തോടൊപ്പം ആയോധന കലകളും ഒരുമിച്ചു തുടരുകയായിരുന്നു. അന്തരാഷ്ട്ര മത്സരത്തില്‍ തന്റെ ഇഷ്ട ഇനമായ കരാട്ടെയില്‍ വിജയക്കൊടി പാറിക്കുവാന്‍ കഴിഞ്ഞതില്‍ അതീവ സന്തുഷ്ടനാണെന്നും, ലോകത്തിലെ തന്നെ ഏറ്റവും പ്രഗത്ഭരുമായി മത്സരിക്കുവാന്‍ സാധിച്ചത്, മികച്ച അനുഭവമായിരുന്നുവെന്നും ടോം പറഞ്ഞു.

ജപ്പാന്‍ സന്ദര്‍ശനം ഏറെ ആസ്വദിച്ചുവെന്നും, ഏറെ മനോഹരവുമെന്നും, അവിടുത്തെ ജനത ഏറെ അച്ചടക്കവും, നിശ്ചയ ദാര്‍ഢ്യം ഉള്ളവരാണെന്നും ആണ് ചാമ്പ്യന്റെ അഭിപ്രായം. ഗ്ലാസ്ഗോ, കിംഗ്സ്റ്റണ്‍ ഡോക്കില്‍ ഭാര്യ ജിഷ ഗ്രിഗറിക്കും, അവരുടെ 15 വയസ്സുള്ള മകന്‍ ലിയോണിനുമൊപ്പം കുടുംബ സമേതം താമസിക്കുന്ന ടോം തന്റെ വിജയത്തിനായി ശക്തമായ പിന്തുണയും, പ്രോത്സാഹനവുമായി ഇരുവരും സദാ കൂടെ ഉണ്ടെന്നും പറഞ്ഞു. അര്‍പ്പണ മനോഭാവത്തോടെയുള്ള പരിശീലനം നടത്തി വരുന്ന ടോം, ഇനിയും ആഗോളതലത്തില്‍ കരാട്ടെയില്‍ അജയ്യനായി തുടരാനുള്ള കഠിനമായ പരിശീലനം തുടരുകയാണ്. ജപ്പാനിലെ ഒകിനാവ കരാട്ടെ ഇന്റര്‍നാഷണല്‍ സെമിനാറില്‍ പങ്കെടുത്തതിന് ശേഷം 2019-ല്‍ ആയോധനകലയില്‍ യുകെ യുടെ അംബാസഡറും, ഇന്റര്‍നാഷണല്‍ ഷോറിന്‍-റ്യൂ റൈഹോക്കന്‍ അസോസിയേഷന്റെ ചീഫ് ഇന്‍സ്ട്രക്ടറുമായി ലഭിച്ച താരത്തിളക്കമുള്ള പദവികളടക്കം നിരവധി അംഗീകാരങ്ങളിലൂടെയും പുരസ്‌കാരങ്ങളിലൂടെയും യു കെ യില്‍ ഏറെ പ്രശസ്തനാണ് ടോം ജേക്കബ്.

ദക്ഷിണേന്ത്യയില്‍ ജനിച്ച ടോം ജേക്കബ്, ഒമ്പതാം വയസ്സില്‍ ആയോധനകല അഭ്യസിച്ചു തുടങ്ങിയിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം, കേരള സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയത്തിനു പിന്നാലെയാണ് യു കെയിലേക്ക് എത്തിയത്. യു കെ യില്‍ നിന്നും മാര്‍ക്കറ്റിംഗില്‍ എംബിഎ വിജയകരമായി പൂര്‍ത്തിയാക്കിയ ടോം, ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിട്ടു 17 വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. 2018-ല്‍ തന്റെ അഞ്ചാമത്തെ ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ ടോം കരാട്ടെയില്‍ എക്‌സലന്റ് സര്‍ട്ടിഫിക്കറ്റുള്ള പരിശീലകനും കൂടിയാണ്. അതുപോലെ താന്നെ യു കെ യിലെ സര്‍ട്ടിഫൈഡ് ബോക്‌സിങ് കോച്ച് കൂടിയാണ് താരം. ഇപ്പോള്‍ അച്ചടക്കം പഠിപ്പിക്കുകയും, മിക്‌സഡ് ആയോധന കലകള്‍ (എംഎംഎ), കിക്ക്‌ബോക്‌സിംഗ്, മുവായ് തായ്, യോഗ, ഇന്ത്യന്‍ ആയോധന കലയായ കളരിപ്പയറ്റ് എന്നിവയില്‍ പരിശീലനം നല്‍കുകയും ചെയ്യുന്നുണ്ട്. വിക്ടോറിയ ബോക്‌സിംഗ് ക്ലബ്ബിലെ യുവാക്കളെ ആയോധനകലകളില്‍ സഹായിക്കുകയും, അതോടൊപ്പം തന്റെ കായിക ഇനത്തില്‍ അന്തരാഷ്ട്ര തലത്തില്‍ മത്സരിക്കുവാന്‍ തുടര്‍ പദ്ധതിയിടുകയും ചെയ്യുന്ന ടോം, അടുത്ത വര്‍ഷം ജപ്പാനില്‍ വെച്ച് നടത്തപ്പെടുന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തില്‍ വീണ്ടും മാറ്റുരക്കുവാന്‍ ഉള്ള തായ്യാറെടുപ്പിലാണ്.

Previous articleദൂരദർശൻ ഇനി കാവി നിറത്തിൽ ; നിറം മാറ്റി ദൂരദർശൻ ന്യൂസ്
Next articleഫൊക്കാന 2024-ലെ ദേശീയ കൺവെൻഷനിൽ പുസ്തക പ്രദർശനം നടത്തുന്നു

Leave a Reply