മെൽബൺ : സെന്റർ ഫോർ ഓസ്‌ട്രേലിയ – ഇന്ത്യ റിലേഷൻസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി മലയാളി ടിം തോമസ് നിയമിതനായി. കോർപ്പറേറ്റ് വികസനം, മാനേജ്‌മെന്റ് റോളുകൾ എന്നിവയിൽ ദീർഘകാലം പ്രവർത്തിച്ച വ്യക്തിയാണ് ടിം തോമസ്. കെപിഎംജി ഓസ്‌ട്രേലിയയിലെ ഗ്ലോബൽ സ്ട്രാറ്റജി ഗ്രൂപ്പിന്റെ പങ്കാളിയായിരുന്നു. പ്രുഡൻഷ്യൽ ഫിനാൻഷ്യൽ ഏഷ്യ – പസഫിക് വൈസ് പ്രസിഡന്റ്, മലേഷ്യയിലെ പ്രുഡൻഷ്യലിന്റെ പ്രവർത്തനങ്ങളുടെ സിഇഒ, ഭാരതി ആക്സ ലൈഫ് ഇൻഷുറൻസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ആക്സയുടെ ഇന്ത്യ മാർക്കറ്റ് എൻട്രി ഡയറക്ടർ, ചീഫ് റപ്രസെന്റേറ്റീവ് എന്നീ നിലകളിൽ നാലു വർഷം ഇന്ത്യയിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയയിൽ യുവ അഭയാർഥി സ്ത്രീകളെ സഹായിക്കുന്നതിനായുള്ള ‘ഹേർ വില്ലേജിന്റെ’ സ്ഥാപകനുമാണ്. മെൽബണിൽ താമസക്കാരായ മുട്ടാർ, ചെത്തിക്കാട് വീട്ടിൽ സി.ഒ. തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ് ടിം തോമസ്. ഓസ്‌ട്രേലിയ – ഇന്ത്യ ബന്ധത്തെക്കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും പുതിയ അവസരങ്ങളെ പിന്തുണയ്ക്കുന്നതിനും സെന്റർ സഹായിക്കും. നയപരമായ സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുക, ഇന്ത്യയിൽ ബിസിനസ് സാക്ഷരത കെട്ടിപ്പെടുക്കുക, സാംസ്കാരിക ധാരണകൾ ആഴത്തിലാക്കുക എന്നിവയിൽ സെന്റർ ശ്രദ്ധ കേന്ദ്രീകരിക്കും. സ്കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ, സാംസ്കാരിക പങ്കാളിത്തങ്ങൾ, ഗ്രാന്റുകൾ എന്നിവയുടെ മൈത്രി പ്രോഗ്രാമും നിർവഹിക്കും.