പയ്യന്നൂര്‍ : മലബാറിലെ 10 റെയില്‍വേ സ്റ്റേഷനുകളിലെ പാര്‍സല്‍ അയക്കുന്ന സംവിധാനത്തിന് റെയില്‍വേയുടെ ചുവപ്പുസിഗ്നല്‍. മംഗളൂരുവിനും പാലക്കാടിനുമിടയിലുള്ള സ്റ്റേഷനുകളിലെ പാര്‍സല്‍ സംവിധാനം നിര്‍ത്തിയതു സംബന്ധിച്ച ദക്ഷിണ റെയില്‍വേ കമേഴ്സ്യല്‍ മാനേജറുടെ സര്‍ക്കുലര്‍ ചൊവ്വാഴ്ചയാണ് വിവിധ സ്റ്റേഷനുകളില്‍ ലഭിച്ചത്. മംഗളൂരു ആരക്കോണം, കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍, കണ്ണപുരം, മാഹി, കോഴിക്കോട് ജില്ലയില്‍ വടകര, കൊയിലാണ്ടി, മലപ്പുറത്ത് കുറ്റിപ്പുറം, പാലക്കാട് പട്ടാമ്ബി എന്നീ സ്റ്റേഷനുകളിലെ പാര്‍സല്‍ അയക്കുന്ന സംവിധാനമാണ് നിര്‍ത്താൻ തീരുമാനിച്ചത്. കാഞ്ഞങ്ങാട്, പയ്യന്നൂര്‍, വടകര, കുറ്റിപ്പുറം, പട്ടാമ്ബി സ്റ്റേഷനുകളില്‍ നിരവധി പാര്‍സലുകള്‍ ഉള്ള സ്റ്റേഷനുകളാണ്. പാര്‍സല്‍ സംവിധാനം ജില്ലകളുടെ ആസ്ഥാന സ്റ്റേഷനുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമാണ് തീരുമാനമെന്ന് സൂചനയുണ്ട്.
ഈ സ്റ്റേഷനുകളിലെ പാര്‍സല്‍ സര്‍വിസ് പൂട്ടുന്നതോടെ സ്ഥിരമായി സാധനങ്ങള്‍ അയക്കാൻ വരുന്നവര്‍ ദുരിതത്തിലാവും. ഇതുകൂടാതെ പാര്‍സല്‍ സര്‍വിസിനെ ആശ്രയിച്ച് ജീവിക്കുന്ന പോര്‍ട്ടര്‍മാരും പട്ടിണിയിലാവും. പയ്യന്നൂര്‍ സ്റ്റേഷനില്‍നിന്ന് 35 വര്‍ഷമായി മത്സ്യവും ഞണ്ടും കയറ്റി അയക്കുന്നവരുണ്ട്. ഇവര്‍ ഇനി എന്തുചെയ്യും എന്ന ചോദ്യമുയരുന്നു. പെരിങ്ങോം സി.ആര്‍.പി.എഫ് കേന്ദ്രം, ഏഴിമല നാവിക അക്കാദമി തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും പാര്‍സല്‍ അയക്കുന്നത് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ്. ഇത് നിര്‍ത്തലാക്കുന്നതോടെ ഈ സ്ഥാപനങ്ങളും പ്രതിസന്ധിയിലാവും. വിവിധ റെയില്‍വേ സ്റ്റേഷനുകളെ കേന്ദ്ര സര്‍ക്കാര്‍ അമൃത് ഭാരത് സ്റ്റേഷനാക്കി ഉയര്‍ത്തി പുതിയ പദ്ധതികള്‍ക്ക് പച്ചക്കൊടി കാണിക്കുമ്ബോഴാണ് റെയില്‍വേ കച്ചവട വിഭാഗത്തിന്റെ ഭാഗത്തുനിന്ന് അവഗണനകള്‍ ആവര്‍ത്തിക്കുന്നത്.
എ ക്ലാസ് പദവിയുള്ളതാണ് പയ്യന്നൂര്‍ സ്റ്റേഷൻ. കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ കഴിഞ്ഞാല്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷൻ വരുമാനത്തിന്റെ കാര്യത്തില്‍ മുന്നിലാണെങ്കിലും, അടിസ്ഥാനസൗകര്യത്തില്‍ ഏറെ പിന്നിലാണ്. വര്‍ഷത്തോളമായി ജീവനക്കാരുടെ കുറവ് പറഞ്ഞ് റെയില്‍വേ സ്റ്റേഷനിലെ അന്വേഷണകേന്ദ്രം പൂട്ടി. റെയില്‍വേ അധികൃതര്‍ രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് റെയില്‍വേ സ്റ്റേഷനിലെ അന്വേഷണകേന്ദ്രം തുറക്കാമെന്ന വാഗ്ദാനം നല്‍കിയെങ്കിലും ഇതുവരെ പാലിച്ചിട്ടില്ല. റിസര്‍വേഷൻ കൗണ്ടര്‍ രാവിലെ എട്ട് മുതല്‍ രണ്ടുവരെ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. കോവിഡിന് മുമ്ബ് ഈ കൗണ്ടര്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിച്ചതായിരുന്നു. ഇതിനെല്ലാം ശാശ്വത പരിഹാരം കാണാൻ ജനപ്രതിനിധികളും അധികൃതരും സംഘടനകളും തയാറാവണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. ഇതിനിടയിലാണ് മറ്റൊരു സംവിധാനം കൂടി ഇല്ലാതാവുന്നത്.