അബുദാബി : മേഖലയിലെ ഏറ്റവും വലിയ മറൈൻ തീം പാർക്ക് സീ വേൾഡ് അബുദാബിയിലെ വിസ്മയങ്ങൾ കാണാനും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാനും ആദ്യദിനത്തിൽ തന്നെ എത്തിയത് ആയിരങ്ങൾ. ലോഞ്ചിങ് പോയിന്റിൽ എത്തുന്നവർക്ക് പാർക്കിന്റെ സവിശേഷതകൾ വിവരിച്ചുകൊടുത്ത ശേഷമാണ് പ്രവേശിപ്പിച്ചത്. ഉദ്ഘാടന ദിനത്തിൽ ലേസർ ഷോയും സംഗീത കച്ചേരിയും ഡോൾഫിൻ ഷോയും ഉൾപ്പെടെ ഒട്ടേറെ പരിപാടികൾ ഒരുക്കി. ഇമറാത്തി ഗായകൻ ഹുസൈൻ അൽ ജസ്മിയും സ്കോട്ടിഷ് ആർട്ടിസ്റ്റ് റെഡും 120 അംഗ ഓർക്കസ്ട്രയും ചേർന്ന് മാസ്മരിക സംഗീതത്തിലേക്ക് കാണികളെ കൂട്ടിക്കൊണ്ടുപോയി.
തീം പാർക്കുകളുടെ ദ്വീപായ യാസ് ഐലൻഡിലെ ഏറ്റവും പുതിയ മറൈൻ തീം പാർക്കാണ് സീ വേൾഡ് അബുദാബി. മൈക്രോ ഓഷ്യൻ, എൻഡ്‌ലെസ് ഓഷ്യൻ, ട്രോപ്പിക്കൽ ഓഷ്യൻ, റോക്കി പോയിന്റ് തുടങ്ങി വ്യത്യസ്ത പ്രമേയങ്ങളിൽ ഒരുക്കിയ തീം പാർക്കിലെ ജീവജാലങ്ങളെയും സവിശേഷതകളും കണ്ടറിയാൻ മണിക്കൂറുകൾ എടുക്കും. കണ്ടൽക്കാടുകൾ, ഫോസിൽ ഡ്യൂൺസ്, പർവതങ്ങൾ, ഗുഹകൾ, പാറക്കെട്ടുകൾ, പവിഴപ്പുറ്റുകൾ തുടങ്ങി അഞ്ചുനിലക്കെട്ടിടത്തിലെ ചില്ലുകൊട്ടാരത്തിൽ ആഴക്കടലിന്റെ ആവാസവ്യവസ്ഥയും പരിസ്ഥിതിയും ഒരുക്കിയാണ് ഒരു ലക്ഷത്തിലേറെ സമുദ്ര ജീവികളെ സംരക്ഷിച്ചിരിക്കുന്നത്. വിവിധ തട്ടുകളിൽ നിന്ന് ഇവയെ അടുത്തുകാണാനുള്ള ഉൽസാഹത്തിലായിരുന്നു സന്ദർശകർ.