ഖാര്‍ത്തും : സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗമായ ആര്‍എസ്‌എഫും (റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ്) തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. മൂന്നുദിവസത്തെ കലാപത്തിനിടെ നൂറിലേറെ നാട്ടുകാര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരും. തലസ്ഥാനമായ ഖാര്‍ത്തുമിലെയും മറ്റു നഗരങ്ങളിലെയും ജനങ്ങള്‍ മൂന്നു ദിവസമായി വീടുകളില്‍ത്തന്നെയാണ്. എവിടെയും സ്ഫോടനവും വെടിവയ്പുമാണ്. ഇരുപക്ഷവും മെഷീന്‍ ഗണ്‍, ടാങ്ക്, പീരങ്കി എന്നിവ ഉപയോഗിച്ചുള്ള ആക്രമണവും വ്യോമാക്രമണവും നടത്തുന്നു. ശനിയാഴ്ച രാവിലെയാണു പോരാട്ടം ആരംഭിച്ചത്. മധ്യ ഖാര്‍ത്തുമിലെ തെരുവുകളില്‍ അനവധി മൃതദേഹങ്ങള്‍ കിടക്കുന്നുണ്ട്. രൂക്ഷ ഏറ്റുമുട്ടലായതിനാല്‍ ആര്‍ക്കും അങ്ങോട്ടു പോകാന്‍ സാധിക്കുന്നില്ലെന്നു സുഡാന്‍ ഡോക്ടേഴ്സ് സിന്‍ഡിക്കറ്റ് സെക്രട്ടറി അതിയ അബ്ദള്ള അതിയ പറഞ്ഞു.
സൈന്യത്തിലെയും ആര്‍സിഎഫിലെയും എത്രപേര്‍ കൊല്ലപ്പെട്ടുവെന്നതിന്‍റെ കണക്ക് പുറത്തുവന്നിട്ടില്ല. ഷെല്ലാക്രമണം നേരിട്ടതിനെത്തുടര്‍ന്ന് ഖാര്‍ത്തുമിലെ രണ്ടു പ്രധാന ആശുപത്രികള്‍ അടച്ചു. രാജ്യത്തെ മറ്റു പ്രമുഖ നഗരങ്ങളിലും സൈന്യവും ആര്‍എസ്‌എഫും ഏറ്റുമുട്ടുകയാണ്. ഖാര്‍ത്തുമില്‍നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള തന്ത്രപ്രധാനമായ മെറോവ് വ്യോമതാവളത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തതായി ഇരു പക്ഷവും അവകാശപ്പെട്ടു. 2021 ഒക്ടോബര്‍ മുതല്‍ പട്ടാള-സിവിലിയന്‍ സമിതി ഭരിക്കുന്ന സുഡാനില്‍, അധികാരം ജനകീയസര്‍ക്കാരിനു കൈമാറുന്നതടക്കമുള്ള വിഷയങ്ങളില്‍ സൈന്യവും അര്‍ധസൈന്യവും തമ്മിലുള്ള അഭിപ്രായവ്യത്യങ്ങളാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.
സമിതിയുടെ പ്രസിഡന്‍റായ പട്ടാളമേധാവി ജനറല്‍ അബ്‌ദെല്‍ ഫത്താ അല്‍ ബുര്‍ഹാനാണു രാജ്യം ഭരിക്കുന്നത്. ആര്‍എസ്‌എഫ് അര്‍ധസൈന്യത്തിന്‍റെ മേധാവിയായ ജനറല്‍ മുഹമ്മദ് ഹംദാന്‍ ദഗാലോ സമിതി വൈസ് പ്രസിഡന്‍റ് എന്ന നിലയില്‍ ഉപഭരണാധികാരിയുമാണ്. ഇരു ജനറല്‍മാരും ചേര്‍ന്നാണ് 2021 ഒക്ടോബറില്‍ സുഡാനില്‍ പട്ടാള അട്ടിമറി നടത്തി ഭരണം പിടിച്ചത്. ഒരു ലക്ഷം അംഗങ്ങളുമായി സുഡാനില്‍ വലിയ സ്വാധീനം ചെലുത്തുന്ന ആര്‍എസ്‌എഫിനെ സൈന്യത്തില്‍ ലയിപ്പിക്കണമെന്ന നിര്‍ദേശത്തില്‍ ഇരുവര്‍ക്കും ഇടയില്‍ തര്‍ക്കമുണ്ട്. ഇരു നേതാക്കള്‍ക്കും വിവിധ രാജ്യങ്ങളുടെ പിന്തുണയുണ്ട്.
ദാര്‍ഫര്‍ പ്രവിശ്യയിലെ കുപ്രസിദ്ധമായ ജന്‍ജാവീദ് സംഘത്തില്‍നിന്നാണ് ആര്‍എസ്‌എഫ് വളര്‍ന്നത്. താന്‍ ജനാധിപത്യസംരക്ഷകനാണെന്നും ബുര്‍ഹാന്‍ ഇസ്‌ലാമിക തീവ്രവാദിയാണെന്നുമാണ് ഇന്നലെ ആര്‍എസ്‌എഫ് മേധാവി ദഗാലോ ട്വിറ്ററില്‍ വ്യക്തമാക്കിയത്.