Home ഗൾഫ് യുഎഇയിൽ ഡിജിറ്റൽ ദിർഹം നടപ്പാക്കുന്നു

യുഎഇയിൽ ഡിജിറ്റൽ ദിർഹം നടപ്പാക്കുന്നു

16
0

ദുബായ് : പണമിടപാടുകൾ എളുപ്പമാക്കുക എന്ന ലക്‌ഷ്യം വെച്ചും, സാമ്പത്തിക മേഖലയിലെ ഭാവി മുന്നേറ്റങ്ങൾ മുന്നിൽക്കണ്ടുകൊണ്ടും ക്രിപ്റ്റോ കറൻസികൾക്ക് സമാനമായ ഡിജിറ്റൽ ദിർഹം യുഎഇ നടപ്പിലാക്കുന്നു. ഇതിനായി അബുദാബിയിലെ ജി 42 ക്ലൗഡുമായും ഡിജിറ്റൽ ഫിനാൻസ് സേവന ദാതാക്കളായ ആർ 3 യുമായും ഉള്ള സേവന കരാറിൽ യുഎഇ സെൻട്രൽ ബാങ്ക് ഒപ്പിട്ടു. രാജ്യത്തിനകത്തും പുറത്തും പണമിടപാടുകൾ എളുപ്പമാക്കുക എന്ന ലക്ഷ്യം മുന്നിൽകണ്ട് ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.

സെൻട്രൽ ബാങ്ക് ആരംഭിച്ച ഫിനാൻഷ്യൽ ഇൻഫ്രാസ്ട്രക്ചർ ട്രാൻസ്ഫോർമേഷൻ പദ്ധതിയുടെ 9 സംരംഭങ്ങളിൽ ഒന്നാണ് പദ്ധതിയെന്നും യുഎഇയെ ആഗോള സാമ്പത്തിക കേന്ദ്രമായി ഉറപ്പിക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് ബലാമ പറഞ്ഞു. മാർച്ച് ആദ്യത്തിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം 65 രാജ്യങ്ങളിൽ ഡിജിറ്റൽ കറൻസി നടപ്പാക്കുന്നത് ആലോചിച്ചു വരികയാണ്. ഇവയിൽ ഏറ്റവും കൂടുതൽ പുരോഗതി കൈവരിച്ച 18 രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന രാജ്യമാണ് യുഎഇ.

യുകെ, യു എസ്, ആസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഇന്ത്യ, ജപ്പാൻ, ജോർദാൻ, കസാക്കിസ്ഥാൻ, ലാവോസ്, മോണ്ടിനെഗ്രോ, ഫിലിപ്പൈൻസ്, റഷ്യ, സൗദി അറേബ്യ, തുർക്കിയ, യുക്രെയിൻ എന്നിവയാണ് പട്ടികയിലെ മറ്റ് രാജ്യങ്ങൾ. സാമ്പത്തിക മേഖലയിലെ നവീകരണം സാധ്യമാക്കുന്നതിന് യുഎഇ സെൻട്രൽ ബാങ്കും ഇന്ത്യൻ റിസർവ് ബാങ്കും കഴിഞ്ഞ ദിവസം പ്രാരംഭ കരാറിൽ ഒപ്പു വച്ചിരുന്നു. രാജ്യാന്തര തലത്തിൽ ഡിജിറ്റൽ കറൻസികൾ നടപ്പിലാക്കുന്ന പദ്ധതി ഇതിൽ ഉൾപ്പെട്ട ഒന്നാണ്.

Previous articleഓൾ ഓസ്ട്രേലിയ പൂമ സ്റ്റാർ സിങ്ങർ സീസൺ -2
Next articleകൈരളി ഫുജൈറ വനിതാദിനാഘോഷം

Leave a Reply