Home അമേരിക്ക മലങ്കര മാർത്തോമ്മാ സുറിയാനി സഭ എപ്പിസ്കോപ്പൽ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 30ന്

മലങ്കര മാർത്തോമ്മാ സുറിയാനി സഭ എപ്പിസ്കോപ്പൽ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 30ന്

21
0

ന്യൂയോര്‍ക്ക് : മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്‌കോപ്പല്‍ സ്ഥാനത്തേക്ക് എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് ശുപാർശ ചെയ്ത റവ.സജു സി.പാപ്പച്ചന്‍ (വികാര്‍, സെന്റ്. തോമസ് മാര്‍ത്തോമ്മ ചര്‍ച്ച്, ന്യൂയോര്‍ക്ക്), റവ. ഡോ.ജോസഫ് ഡാനിയേല്‍ (പ്രൊഫസര്‍, മാര്‍ത്തോമ്മാ തിയോളജിക്കല്‍ സെമിനാരി, കോട്ടയം), റവ. മാത്യു കെ. ചാണ്ടി (ആചാര്യ, ക്രിസ്തപന്തി ആശ്രമം, സിഹോറ) എന്നീ വൈദീകരെ തെരഞ്ഞെടുക്കുവാനായി സഭാ കൗൺസിൽ ആഗസ്റ്റ് 30 ന് മാർത്തോമ്മാ സഭാ പ്രതിനിധി മണ്ഡലം കൂടുവാൻ തീരുമാനം എടുത്തു. 2023 ആഗസ്റ്റ് 30 ബുധനാഴ്ച തിരുവല്ലാ ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപൊലീത്താ സ്മാരക ഓഡിറ്റോറിയത്തിൽ കൂടുന്ന സഭാ പ്രതിനിധി മണ്ഡലയോഗത്തിന്റെ പ്രത്യേക സമ്മേളനത്തിൽ വെച്ച് വൈദീകരുടെയും ആത്മായരുടെയും 75 ശതമാനം വോട്ട് ലഭിക്കുന്നവരെയാണ് എപ്പിസ്കോപ്പാമാരായി തെരഞ്ഞെടുത്ത് വാഴിക്കുന്നത്.

കുന്നംകുളം ആർത്താറ്റു മാർത്തോമ്മാ ഇടവകയിൽ ചെമ്മണ്ണുർ കുടുംബാംഗമാണ് റവ. സജു സി. പാപ്പച്ചൻ(53), റാന്നി കൊച്ചുകോയിക്കൽ ട്രിനിറ്റി മാർത്തോമ്മാ ഇടവകയിൽ കാരംവേലിമണ്ണിൽ കുടുംബാംഗമാണ് റവ.ഡോ. ജോസഫ് ഡാനിയേൽ(52), മല്ലപ്പള്ളി മാർത്തോമ്മാ ഇടവകയിൽ കിഴക്കേചെറുപാലത്തിൽ കുടുംബാംഗമാണ് റവ. മാത്യു കെ. ചാണ്ടി (50). അവിവാഹിതരും, 40 വയസ്സും, പട്ടത്വസേവനത്തില്‍ 15 വര്‍ഷവും പൂര്‍ത്തിയാക്കിയ 9 പേരില്‍നിന്നും ആണ് നോമിനേഷന്‍ ബോര്‍ഡ് മൂന്ന് നോമിനികളുടെ ലിസ്‌ററ് അവസാനമായി തയ്യാറാക്കി സഭാ കൗണ്‍സിലിന്റെ പരിഗണനയോടെ തുടര്‍നടപടികള്‍ക്കായി സമര്‍പ്പിച്ചത്.

നോമിനേഷന്‍ ബോര്‍ഡിന്റെ കണ്‍വീനറുകൂടിയായ സഭാ സെക്രട്ടറി റവ. സി.വി. സൈമണ്‍ സഭാ ജനങ്ങളുടെ വിലയിരുത്തലിനും പരിഗണനയ്ക്കും, ആക്ഷേപങ്ങളുണ്ടെങ്കില്‍ ആയത് ബോധിപ്പിക്കുന്നതുമായി ഒരു മാസക്കാലയളവ് നല്‍കി പ്രസിദ്ധീകരിച്ചു. ഈ കാലാവധിക്ക് ശേഷമാണ് മാർത്തോമ്മാ സഭാ കൗണ്‍സില്‍ കൂടി സഭയുടെ പരമോന്നത ജനറൽ ബോഡിയായ സഭാ പ്രതിനിധിമണ്ഡലം വോട്ടിംഗിനായി ആഗസ്റ്റ് 30 ന് വിളിച്ചുകൂട്ടിയിരിക്കുന്നത്.

Previous articleഭവന പ്രതിസന്ധി മറികടക്കാൻ പുതിയ പാക്കേജുമായി അയർലണ്ട് സർക്കാർ
Next articleട്രിനിറ്റി മാർത്തോമ യുവജന സഖ്യം ടെക്‌സാസിലെ ഹൂസ്റ്റണിൽ റീജിയണൽ എക്യുമെനിക്കൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു

Leave a Reply