Home ഇന്ത്യ തെലങ്കാനയില്‍ കോണ്‍ഗ്രസ് കൊടുങ്കാറ്റാവും -രാഹുല്‍ ഗാന്ധി

തെലങ്കാനയില്‍ കോണ്‍ഗ്രസ് കൊടുങ്കാറ്റാവും -രാഹുല്‍ ഗാന്ധി

46
0

നിയമസഭ തെരഞ്ഞെടുപ്പില്‍ തെലുങ്കാനയില്‍ കോണ്‍ഗ്രസ് കൊടുങ്കാറ്റ് വീശിയടിക്കുമെന്ന് രാഹുല്‍ ഗാന്ധി. 10 കൊല്ലമായി സംസ്ഥാനം ഭരിക്കുന്ന ബി.ആര്‍.എസിന് (ഭാരത് രാഷ്ട്ര സമിതി) കനത്ത തോല്‍വി നേരിടേണ്ടിവരും. വെള്ളിയാഴ്ച ഖമ്മം ജില്ലയിലെ പിനാപാക്കയില്‍ നടന്ന റാലിയെ അഭിസംബോധനചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ബി.ആര്‍.എസിന് കീഴില്‍ സംസ്ഥാനത്തെ എല്ലാ വകുപ്പുകളും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. ജനകീയ സര്‍ക്കാര്‍ എന്ന ആശയം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് വോട്ടുതേടുന്നത്. തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രഭാവം മുഖ്യമന്ത്രി തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്‍റെ പരിഭ്രാന്തി അദ്ദേഹത്തിന്‍റെ പെരുമാറ്റത്തിലും പരാമര്‍ശങ്ങളിലും കാണാം. തെരഞ്ഞെടുപ്പ് കഴിയുമ്ബോള്‍ കെ.സി.ആര്‍ എന്ന പാര്‍ട്ടിപോലും തെലുങ്കാനയില്‍ അവശേഷിച്ചേക്കില്ല.

കോണ്‍ഗ്രസ് എന്ത് ചെയ്തുവെന്നാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ചോദിക്കുന്നത്. അദ്ദേഹം പഠിച്ച സ്കൂളുകളും കോളജുകളും നിര്‍മിച്ചത് കോണ്‍ഗ്രസാണെന്നും യാത്രചെയ്യുന്ന റോഡുകള്‍ കോണ്‍ഗ്രസ് കാലത്ത് നിര്‍മിക്കപ്പെട്ടവയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യുവാക്കളുടെ പിന്തുണയോടെ തെലങ്കാനയുടെ വികസനം ഉറപ്പാക്കാൻ കോണ്‍ഗ്രസിനായിരുന്നു. തെലങ്കാനയെന്ന സംസ്ഥാനം യാഥാര്‍ഥ്യമാക്കിയ കോണ്‍ഗ്രസുതന്നെയാണ് ഹൈദരാബാദിനെ ലോകത്തിന്‍റെ ഐ.ടി തലസ്ഥാനമാക്കിമാറ്റിയത്. തെലങ്കാനയില്‍ ദൊരാല (ഭൂപ്രഭുത്വം) പ്രജാല (ജനങ്ങളും) തമ്മിലാണ് ഏറ്റുമുട്ടുന്നത്. സര്‍ക്കാറിന്റെ എല്ലാ വകുപ്പുകളിലും അഴിമതിയാണ്. അതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ കുടുംബവും.

രൂപവത്കരണ സമയത്ത് ജനകീയ തെലങ്കാന എന്ന സ്വപ്നം കണ്ടവരാണ് ഈ നാട്ടിലെ വോട്ടര്‍മാര്‍. എന്നാല്‍, മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും ആഗ്രഹം മാത്രമാണ് തെലങ്കാനയില്‍ നടന്നത്. കാളീശ്വരം പദ്ധതിയുടെ പേരില്‍ ഒരുലക്ഷം കോടിയാണ് മുഖ്യമന്ത്രിയും ഇഷ്ടക്കാരും ചേര്‍ന്ന് തട്ടിയെടുത്തത്. ബി.ആര്‍.എസും ബി.ജെ.പിയും ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും കോണ്‍ഗ്രസിനെതിരെ സംസ്ഥാനത്ത് കൈകോര്‍ത്തിരിക്കുകയാണ്. ബി.ജെ.പിയെ സഹായിക്കുന്നതിനായി കോണ്‍ഗ്രസിനെതിരെ ഉവൈസി കഴിയുന്നിടത്തെല്ലാം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുകയാണ്. കെ.സി.ആറോ മോദിയോ നല്‍കിയതുപോലെ പൊള്ളയായ വാഗ്ദാനങ്ങളല്ല കോണ്‍ഗ്രസിന്‍റേത്. ആറിന വാഗ്ദാനങ്ങള്‍ക്കൊപ്പം നടപ്പാക്കുന്ന സമയവും പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാനയില്‍ കെ.സി.ആറിനെ പുറത്താക്കി ജനകീയ സര്‍ക്കാര്‍ രൂപവത്കരിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ നരേന്ദ്ര മോദിയുടെ ഗവണ്‍മെന്‍റിനെ താഴെയിറക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രതീക്ഷയേകി ജനസഞ്ചയം

മഹബൂബാ ബാദിലും വാറങ്കലിലുമായി വിവിധ ജനസഭകളിലും റാലികളിലും പദയാത്രയിലും വലിയ ജനസാന്നിധ്യം കാണാമായിരുന്നു. പലയിടങ്ങളിലും ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസ് അടക്കമുള്ളവര്‍ ബുദ്ധിമുട്ടി. പുതിയ പ്രതീക്ഷ നല്‍കുന്നതാണ് ജനസഞ്ചയമെന്നും ഭരണമാറ്റം ഉറപ്പെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. കെ.സി.ആര്‍ ഗവണ്‍മെന്‍റിന്റെ ദുര്‍ഭരണത്തില്‍ മടുത്ത മനുഷ്യരുടെ ഐക്യമാണ് കാണാനാവുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് സമല്ല രാംമോഹൻ റെഡ്ഡി മാധ്യമത്തോട് പറഞ്ഞു. എന്നാല്‍, ഭൂപ്രഭുക്കളായ റെഡ്ഡിമാര്‍ ചെല്ലും ചെലവും കൊടുത്ത് ഗ്രാമീണരെ കോണ്‍ഗ്രസ് യോഗങ്ങളിലേക്ക് എത്തിക്കുകയാണെന്നും കോണ്‍ഗ്രസിന് അധികാരം ദിവാസ്വപ്നമാണെന്നും ഭാരത് രാഷ്ട്ര സമിതി വക്താവ് ശ്രീധര്‍ റാവു പറഞ്ഞു.

Previous articleവീണ്ടും യാത്ര തുടങ്ങി ‘റോബിന്‍’, മിനിറ്റുകള്‍ക്കകം പിഴ ചുമത്തി എംവിഡി
Next articleഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം ; സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കും

Leave a Reply