Home ഗൾഫ് യുഎഇയില്‍ പാലിയേറ്റീവ് കെയര്‍ ശക്തമാക്കാൻ ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സും ലണ്ടനിലെ സെന്‍റ് ക്രിസ്റ്റഫേഴ്‌സ് ഹോസ്‌പൈസും

യുഎഇയില്‍ പാലിയേറ്റീവ് കെയര്‍ ശക്തമാക്കാൻ ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സും ലണ്ടനിലെ സെന്‍റ് ക്രിസ്റ്റഫേഴ്‌സ് ഹോസ്‌പൈസും

58
0

അബുദാബി : യുഎഇയിലെ സാന്ത്വന പരിചരണ രംഗത്ത് വൻ മുന്നേറ്റത്തിനായി മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സും ലോകത്തിലെ ആദ്യത്തെ ആധുനിക ഹോസ്‌പിസും സാന്ത്വന പരിചരണ രംഗത്തെ മുൻനിര സ്ഥാപനവുമായ സെന്‍റ ക്രിസ്റ്റഫേഴ്‌സ് ഹോസ്‌പൈസും കൈകോര്‍ത്തു. മേഖലയിലെ ഏറ്റവും സജീവമായ പാലിയേറ്റീവ് കമ്യൂണിറ്റി സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പങ്കാളിത്തം. രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും പിന്തുണയും ആശ്വാസവും പ്രദാനം ചെയ്യുന്നതിനുള്ള കരാറില്‍ ഇരുസ്ഥാപനങ്ങളും അബുദാബിയില്‍ ഒപ്പുവച്ചു. യുഎഇ സെയിലിംഗ് ആൻഡ് റോവിംഗ് ഫെഡറേഷൻ പ്രസിഡന്‍റ് ഷെയ്ഖ് അഹമ്മദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് അല്‍ നഹ്യാന്‍റെ സാന്നിധ്യത്തിലാണ് നിര്‍ണായക പങ്കാളിത്തം പ്രഖ്യാപിച്ചത്.

ആരോഗ്യ പരിപാലന രംഗത്ത് പുതിയ മാറ്റങ്ങള്‍ക്കുള്ള അവസരത്തെ പ്രതിനിധീകരിക്കുന്നതാണ് സഹകരണം. കൂട്ടായ പ്രവര്‍ത്തനം ഇരുസ്ഥാപനങ്ങള്‍ക്കും പ്രയോജനപ്പെടുന്നതോടൊപ്പം മേഖലയില്‍ മുന്നേറ്റമുണ്ടാക്കാനും സഹായിക്കുമെന്ന് ഷെയ്ഖ് അഹമ്മദ് പറഞ്ഞു. ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ്‌ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ബിസിനസ് ഡെവലപ്‌മെന്‍റ് പ്രസിഡന്‍റുമായ ഒമ്രാൻ അല്‍ ഖൂരിയും സെന്‍റ് ക്രിസ്റ്റഫേഴ്‌സ് ഹോസ്‌പീസ്‌ എജ്യുക്കേഷൻ, റിസര്‍ച്ച്‌ ആൻഡ് എൻഡ് ഡയറക്ടര്‍ ഡോ. ഹെതര്‍ റിച്ചാര്‍ഡ്‌സണുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ജീവിതത്തെ പരിമിതപ്പെടുത്തുന്ന അവസ്ഥയിലുള്ള രോഗികളും അവരുടെ കുടുംബങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ അവബോധം വളര്‍ത്താൻ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. രോഗികളുടെ ശാരീരികവും വൈകാരികവും മാനസികവുമായ ആവശ്യങ്ങള്‍ പരിഹരിക്കുന്ന പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ ലഭ്യമാക്കും.

വേദന കൈകാര്യം ചെയ്യല്‍, മനഃശാസ്ത്രപരമായ പിന്തുണ, കൗണ്‍സിലിംഗ് സേവനങ്ങള്‍, രോഗികള്‍ക്ക് അവരുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസരിച്ച്‌ സമഗ്രമായ പരിചരണം ഉറപ്പാക്കുക കൂടിയാണ് ലക്‌ഷ്യം. പാലിയേറ്റീവ് കെയര്‍ മേഖലയില്‍ ആഗോള സ്ഥാപനമായ സെന്‍റ് ക്രിസ്റ്റഫേഴ്‌സ് ഹോസ്പിസുമായി കൈകോര്‍ക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും, ഈ സഹകരണം യുഎഇയില്‍ പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ബുര്‍ജീലിന്‍റെ പ്രതിബദ്ധതയ്ക്ക് തെളിവാണെന്നും ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ്‌ സിഇഒ ജോണ്‍ സുനില്‍ പറഞ്ഞു. 1967-ല്‍ ഡാം സിസിലി സോണ്ടേഴ്‌സ് സ്ഥാപിച്ച സെന്റ് ക്രിസ്റ്റഫേഴ്‌സ് ഹോസ്‌പൈസ്, പാലിയേറ്റീവ്, എൻഡ് ഓഫ് ലൈഫ് കെയര്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന് പ്രശസ്തമായ സ്ഥാപനമാണ്. രോഗി പരിചരണത്തിനും സഹാനുഭൂതിക്കും ഹോസ്പിസിന് നിരവധി അന്താരാഷ്‌ട്ര അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കൂടാതെ അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങളുടെ പിന്തുണയും സാന്ത്വന പരിചരണത്തില്‍ വൈദഗ്ധ്യമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനവും മേഖലയിലെ സാന്ത്വന പരിചരണ രംഗത്ത് പരിവര്‍ത്തനം ഉണ്ടാക്കുമെന്ന് ബുര്‍ജീല്‍ കാൻസര്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ പാലിയേറ്റീവ് ആൻഡ് സപ്പോര്‍ട്ടിവ് കെയര്‍ ഡയറക്ടര്‍ ഡോ. നീല്‍ അരുണ്‍ നിജ്ഹവാൻ പറഞ്ഞു. ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ. അബ്ദുല്‍ റഹ്മാൻ അഹമ്മദ് ഒമര്‍, ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി ഡെപ്യൂട്ടി സിഇഒ ഡോ. ആയിഷ അല്‍ മഹ്‌രി, ഗ്രൂപ്പ് പ്രൊജക്ടസ് സിഒഒ നാസര്‍ അല്‍ റിയാമി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Previous articleഇന്‍ഡോ- അമേരിക്കന്‍ റിപ്പബ്ലിക്കന്‍ ഫോറം പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു
Next articleഡൊണാൾഡ് ട്രംപിനെ പ്രസിഡന്റായി അംഗീകരിച്‌ ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ

Leave a Reply