ഗസ്സ : വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് കെട്ടിടങ്ങളില്‍നിന്നുള്ള മലിനജലം തെരുവിലേക്കൊഴുകുന്നത് ഗസ്സയില്‍ കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആശങ്ക. ഏത് നിമിഷവും പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാമെന്ന ആശങ്കയിലാണ് ഗസ്സ നിവാസികളെന്ന് റഫ മുനിസിപ്പാലിറ്റി പ്രസിഡന്റ് അഹ്മദ് അല്‍ സൂഫി പറഞ്ഞു. ശുചീകരണം നടക്കാത്തതിനാല്‍ തെരുവുകളിലാകെ മാലിന്യം നിറഞ്ഞിട്ടുമുണ്ട്. അല്‍ ശിഫ ആശുപത്രി വളപ്പില്‍ ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍ ഖബറടക്കാനാകാതെ കിടക്കുന്നതും കനത്ത വെല്ലുവിളിയാണ്. മൂക്കുപൊത്താതെ പരിസരത്ത് നില്‍ക്കാൻപോലുമാകുന്നില്ല. തെരുവുനായ്ക്കള്‍ മൃതദേഹം കടിച്ചുവലിച്ച് വികൃതമാക്കുന്നുമുണ്ട്. ആശുപത്രിയിലെ സ്ഥിതിയാകട്ടെ ഇതിനേക്കാള്‍ ഹൃദയഭേദകമാണ്.
രോഗികളെ ഒഴിപ്പിക്കാൻ ആക്രമണത്തിന് ഇടവേള വേണമെന്ന ആവശ്യം ഇസ്രായേല്‍ സേന മുഖവിലക്കെടുത്തിട്ടില്ല. ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാൻ ഇന്ധനം വാഗ്ദാനംചെയ്തിട്ടും നിരസിച്ചുവെന്ന ഇസ്രായേല്‍ വാദം ആശുപത്രി ഡയറക്ടര്‍ മുഹമ്മദ് സാകൂത്ത് തള്ളി. 300 ലിറ്റര്‍ ഇന്ധനം മാത്രമാണ് ഇസ്രായേല്‍ നല്‍കാമെന്നറിയിച്ചത്. എന്നാല്‍, ഇത് ഒരു മണിക്കൂര്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാൻപോലും മതിയാകില്ല. 8000 ലിറ്റര്‍ ഇന്ധനമാണ് ഒരുദിവസത്തേക്ക് വേണ്ടത്. ഓക്സിജൻ പ്ലാന്റും ബോംബിട്ട് തകര്‍ത്തതിനാല്‍ അവശേഷിക്കുന്ന ഏതാനും സിലിണ്ടറുകളാണ് രോഗികളുടെ ജീവൻ നിലനിര്‍ത്താൻ ആശ്രയം.
ഗസ്സയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 10 ആശുപത്രികള്‍ക്ക് ആവശ്യത്തിന് ഇന്ധനമെത്തിച്ചില്ലെങ്കില്‍ അവയും ഉടൻ പൂട്ടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരന്തര ആക്രമണം അല്‍ ശിഫയെ ആശുപത്രിയല്ലാതാക്കി മാറ്റിയെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം പറഞ്ഞു. സൈന്യം വളഞ്ഞിരിക്കുന്നതിനാല്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കും ആശുപത്രിയിലേക്കെത്താനാകാത്ത സ്ഥിതിയാണ്.