പാരിസ് : ഗസ്സയില്‍ ബോംബാക്രമണത്തിലൂടെ സാധാരണക്കാരെ കൊല്ലുന്നത് ഇസ്രായേല്‍ അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍. ബോംബാക്രമണത്തിന് ന്യായീകരണമില്ലെന്നും വെടിനിര്‍ത്തല്‍ ഇസ്രായേലിന് ഗുണം ചെയ്യുമെന്നും മാക്രോണ്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഹമാസിന്‍റെ ഭീകരനടപടികളെ ഫ്രാന്‍സ് ശക്തമായി അലപിക്കുന്നു. എന്നാല്‍ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്‍റെ അവകാശം അംഗീകരിച്ചുകൊണ്ടുതന്നെ അവരോട് ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിക്കുന്നു. വെടിനിര്‍ത്തലിനുള്ള തന്‍റെ ആഹ്വാനത്തിനൊപ്പം ചേരാന്‍ യുഎസും ബ്രിട്ടണും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍,”അവര്‍ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” എന്നായിരുന്നു മാക്രോണിന്‍റെ മറുപടി.സിവിലിയന്മാര്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തിന് ന്യായീകരണമില്ലെന്നും മരണങ്ങള്‍ വേദനയുണ്ടാക്കുന്നുണ്ടെന്നും ഫ്രഞ്ച് പ്രസിഡന്‍റ് പറഞ്ഞു. കുഞ്ഞുങ്ങള്‍,വയസായവര്‍,സ്ത്രീകള്‍ എന്നിവര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെടുന്നു.
ലോക നേതാക്കള്‍ ഹമാസിനെയാണ് അപലപിക്കേണ്ടത്, ഇസ്രായേലിനെയല്ല, മാക്രോണിന്‍റെ അഭിപ്രായത്തോട് പ്രതികരിച്ചുകൊണ്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. “ഗാസയില്‍ ഇന്ന് ഹമാസ് ചെയ്യുന്ന ഈ കുറ്റകൃത്യങ്ങള്‍ നാളെ പാരീസിലും ന്യൂയോര്‍ക്കിലും ലോകത്തെവിടെയും ചെയ്യും,” നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ഗസ്സയിലെ നാല് ആശുപത്രികള്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം വ്യാപക ആക്രമണം നടത്തിയതിനെ തുടര്‍ന്ന് നിരവധി പേരാണ് കൊല്ലപ്പെട്ടത്. അല്‍ ശിഫ ആശുപത്രി പരിസരത്താണ് ഇന്നലെ രാത്രി തുടര്‍ച്ചയായ ആക്രമണം നടന്നത്. വ്യാഴാഴ്ച രാത്രിമുതല്‍ പലതവണ നടന്ന വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. അല്‍ ശിഫ ആശുപത്രിക്കടിയില്‍ഹമാസിന്റെ സൈനിക നിയന്ത്രണ കേന്ദ്രവും ഭൂഗര്‍ഭ തുരങ്കങ്ങളുമുണ്ടെന്നാണ് ഇസ്രായേല്‍ ആരോപണം.