Home യൂറോപ്പ് ഹെലികോപ്റ്ററില്‍ നിന്ന് നോട്ടുകള്‍ താഴേക്ക് വിതറി ഇന്‍ഫ്ളുവന്‍സര്‍ ; പെറുക്കാനെത്തി ആയിരങ്ങള്‍

ഹെലികോപ്റ്ററില്‍ നിന്ന് നോട്ടുകള്‍ താഴേക്ക് വിതറി ഇന്‍ഫ്ളുവന്‍സര്‍ ; പെറുക്കാനെത്തി ആയിരങ്ങള്‍

148
0

ഏതുവിധേനയും പണം സംമ്ബാദിക്കാനുള്ള നെട്ടോട്ടത്തിലാണ് ആളുകള്‍. കാരണം പണം ആവശ്യമില്ലാത്തവരായി ആരും കാണില്ല. അങ്ങനെയിരിക്കെ ആകാശത്ത് നിന്ന് പണമഴ പെയ്താലോ? ഒരിക്കലും നടക്കത്തില്ലാത്ത മനോഹരമായ സ്വപ്‌നമാണെങ്കിലും ആരായാലും ഇങ്ങനെയൊന്ന് നടന്നിരുന്നെങ്കില്‍ എന്നു ആശിച്ചുപോകും. സമാനമായ ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പക്ഷേ ഇത് ആകാശത്ത് നിന്നല്ല മറിച്ച്‌ ഹെലികോപ്പ്റ്റില്‍ നിന്നാണ് കോടിക്കണക്കിന് രൂപ താഴേക്ക് പതിച്ചത്. ഒരു മില്ല്യണ്‍ ഡോളര്‍ അതായത് ഏകദേശം എട്ട് കോടി രൂപ ഒരു ഇന്‍ഫ്‌ളുവന്‍സറാണ് ഹെലികോപ്റ്ററില്‍ നിന്നും താഴേക്ക് വിതറിയത്. ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള ഇന്‍ഫ്‌ലുവന്‍സറും ടിവി ഹോസ്റ്റുമായ കമില്‍ ബര്‍ട്ടോഷെക്കാണ് ലൈസ നാദ് ലാബെം പട്ടണത്തിന് സമീപത്ത് ഹെലികോപ്റ്ററില്‍ നിന്നും പണം വിതറിയത്. കസ്മ എന്ന പേരിലും അറിയപ്പെടുന്ന ബാര്‍ട്ടോസെക്ക്, ഒരു മത്സരം സംഘടിപ്പിക്കാനും അതിലെ വിജയിക്ക് മാത്രം ഒരു വലിയ തുക സമ്മാനിക്കാനുമായിരുന്നു ആദ്യം തീരുമാനിച്ചത്.

അതിനായി പങ്കെടുക്കുന്നവര്‍ ചെയ്യേണ്ടത് പണം എവിടെയാണ് എന്ന് കണ്ടെത്തുന്നതിനായി കസ്മയുടെ ‘വണ്‍മാന്‍ഷോ: ദി മൂവി’യില്‍ ഉള്‍ച്ചേര്‍ത്ത ഒരു കോഡ് കണ്ടുപിടിക്കണം. എന്നാല്‍, ആര്‍ക്കും അത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ശേഷമാണ് കസ്മ മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമായി ആ പണം വിതരണം ചെയ്യാന്‍ തീരുമാനിക്കുന്നത്. തുടര്‍ന്ന് അയാള്‍ അവര്‍ക്കെല്ലാവര്‍ക്കും ഞായറാഴ്ച രാവിലെ ആറ് മണിക്ക് ഒരു മെയിലയച്ചു. അതില്‍ എവിടെയാണ് ഹെലികോപ്റ്ററില്‍ നിന്നും പണം ഇടുക എന്ന വിവരവും ഉണ്ടായിരുന്നു. മാത്രമല്ല, പറഞ്ഞ സമയത്ത് അതേ സ്ഥലത്ത് ഹെലികോപ്റ്ററില്‍ കസ്മ എത്തിച്ചേരുകയും ചെയ്തു. കസ്മ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഈ വീഡിയോ പങ്കുവെക്കുകയും ചെയ്തു. ”ലോകത്തിലെ ആദ്യത്തെ യഥാര്‍ത്ഥ പണമഴ! ചെക്ക് റിപ്പബ്ലിക്കില്‍ ഒരു ഹെലികോപ്റ്ററില്‍ നിന്ന് $1.000.000 വിതറി, ആരും മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല” എന്ന് വീഡിയോയ്ക്ക് കാപ്ഷനും നല്‍കി.

വീഡിയോയില്‍ ഹെലികോപ്റ്ററില്‍ നിന്നും പണം താഴേക്ക് വിതറുന്നതും ആളുകള്‍ സഞ്ചിയും ബാഗും ഒക്കെയായി വന്ന് അതില്‍ നിന്നും പരമാവധി നോട്ടുകള്‍ പെറുക്കിയെടുക്കാന്‍ ശ്രമിക്കുന്നതും കാണാം. നാലായിരം ആളുകള്‍ ചേര്‍ന്നാണ് ഈ പണം സ്വന്തമാക്കിയത് എന്ന് കസ്മ പറയുന്നു. നോട്ടുകളില്‍ ചാരിറ്റിക്ക് പണം സംഭാവന ചെയ്യാന്‍ സഹായിക്കുന്ന ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്കുള്ള ക്യുആര്‍ കോഡുകളും നല്‍കിയിട്ടുണ്ട്.

Previous articleഫിലഡല്‍ഫിയയില്‍ സീനിയേഴ്‌സ് ആന്റ് ഗ്രാന്‍ഡ് പേരന്റ്‌സ് ദിനം സമുചിതമായി ആഘോഷിച്ചു
Next articleഐപിഎല്‍ ലേലം ദുബൈയില്‍ ; ടീമുകളുടെ ‘പേഴ്‌സില്‍’ 100 കോടി !

Leave a Reply