ലോസ് ആഞ്ചലസ്; ഹോളിവുഡ് നടന്‍ ലാന്‍സ് സോളമന്‍ റെഡിക് അന്തരിച്ചു. 60 വയസായിരുന്നു. ജോണ്‍ വിക്ക്, ടെലിവിഷന്‍ ഷോ ദ് വയര്‍ എന്നിവയിലൂടെ ശ്രദ്ധേയനായ നടനാണ്. ലോസ് ആഞ്ചലസിലെ വീട്ടില്‍ മരിച്ച നിലയില്‍ താരത്തെ കണ്ടെത്തുകയായിരുന്നു. 2002ല്‍ റിലീസ് ചെയ്ത ദ് വയര്‍ എന്ന പ്രശസ്ത സീരിസില്‍ കെഡ്രിക് ഡാനിയല്‍സ് പൊലീസ് ഉദ്യോഗസ്ഥനായുള്ള ലാന്‍സിന്റെ പ്രകടനം വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജോണ്‍ വിക്ക് സിനിമകളിലെ കാരോണ്‍ എന്ന കഥാപാത്രവും ശ്രദ്ധേയമാണ്.
ജോണ്‍ വിക്കിന്റെ നാലാം ഭാഗം റിലീസിനൊരുങ്ങുമ്ബോഴാണ് റെഡിക്കിന്റെ അപ്രതീക്ഷിത വിയോഗം. 1998ല്‍ ഗ്രേറ്റ് എക്സപെക്റ്റേഷന്‍സ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. വൈറ്റ് മെന്‍ കാന്റ് ജംപ്, ഷേര്‍ലി, ബല്ലെറിന, ദ് കെയ്ന്‍ മ്യൂടിനി കോര്‍ട്ട മാര്‍ഷല്‍ എന്നീ സിനിമകളിലാണ് റെഡിക് അവസാനം അഭിനയിച്ചത്. വിഡിയോ ഗെയിമുകളിലും റെഡിക്കിന്റെ ശബ്ദസാന്നിധ്യം ഉണ്ടായിട്ടുണ്ട്. സ്റ്റെഫാനി ഡെ ആണ് ഭാര്യ. ഇവര്‍ക്ക് മൂന്ന് മക്കളാണ്.