Home ഇന്ത്യ വന്ദേഭാരതില്‍ സ്ലീപ്പര്‍ കോച്ച്‌ അടുത്ത വര്‍ഷമെത്തും ; ഹ്രസ്വദൂര യാത്രയ്ക്ക് വന്ദേ മെട്രോയും ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

വന്ദേഭാരതില്‍ സ്ലീപ്പര്‍ കോച്ച്‌ അടുത്ത വര്‍ഷമെത്തും ; ഹ്രസ്വദൂര യാത്രയ്ക്ക് വന്ദേ മെട്രോയും ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

52
0

സ്ലീപ്പര്‍ കോച്ചുകള്‍ കൂടി ഉള്‍പ്പെടുത്തിയ വന്ദേഭാരത് ട്രെയിനുകള്‍ 2024 മാര്‍ച്ചോടെ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറി ജനറല്‍ മാനേജര്‍ ബി.ജി. മല്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്ലീപ്പര്‍ കോച്ച്‌ കൂടി ഉള്‍പ്പെടുത്തിയ ട്രെയിനിന്റെ നിര്‍മ്മാണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീര്‍ഘദൂരം യാത്ര ചെയ്യുന്ന രാത്രിയാത്രക്കാര്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ യാത്രക്കാരെ ലക്ഷ്യമിട്ടാണ് പുതിയ മാറ്റമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹ്രസ്വദൂര യാത്രക്കാര്‍ക്കായി വന്ദേ മെട്രോയും അടുത്ത വര്‍ഷം പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. 12 കോച്ചുകളുള്ള ട്രെയിനായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു. 2024 ജനുവരിയോടെ ട്രെയിന്‍ പുറത്തിറക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നോണ്‍-എസി വിഭാഗത്തിലുള്ള വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ഒക്ടോബറോടെ പുറത്തിറക്കുമെന്ന് റെയില്‍വേ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. വേഗതയിലും സൗകര്യത്തിലും വിട്ടുവീഴ്ച ചെയ്യാതെ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ പറ്റുന്ന സംവിധാനമായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞിരുന്നു. വന്ദേ ഭാരത് ട്രെയിനുകളുടെ മൂന്ന് പുതിയ പതിപ്പുകള്‍ കൂടി അടുത്ത വര്‍ഷം ഫെബ്രുവരി- മാര്‍ച്ച്‌ മാസങ്ങളിലായി രാജ്യത്തിന് ലഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും പറഞ്ഞിരുന്നു. വന്ദേ ചെയര്‍ കാര്‍, വന്ദേ മെട്രോ, വന്ദേ സ്ലീപ്പേഴ്‌സ് എന്നിവയാണ് പുതിയ പതിപ്പുകള്‍ എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അടുത്ത മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ വന്ദേ ഭാരത് ട്രെയിനുകളുടെ പരമാവധി വേഗതയായ 160 കിലോമീറ്ററിന് ഉചിതമായ രീതിയില്‍ റെയില്‍വേ ട്രാക്കുകള്‍ നവീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘വന്ദേ ഭാരതിന് മൂന്ന് ഫോര്‍മാറ്റുകള്‍ ഉണ്ട്. 100 കിലോമീറ്ററില്‍ താഴെയുള്ള യാത്രയ്ക്ക് വന്ദേ മെട്രോ, 100 മുതല്‍ 550 കിലോമീറ്റര്‍ യാത്രയ്ക്ക് വന്ദേ ചെയര്‍ കാര്‍, 550 കിലോമീറ്ററുകള്‍ക്കപ്പുറമുള്ള യാത്രയ്ക്ക് വന്ദേ സ്ലീപ്പേഴ്‌സ്. ഈ മൂന്ന് ഫോര്‍മാറ്റുകളും അടുത്ത വര്‍ഷം ഫെബ്രുവരി- മാര്‍ച്ചിലേയ്ക്ക് തയ്യാറാകുമെന്ന്,” ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വന്ദേ ഭാരത് ട്രെയിന്‍ ആരംഭിച്ച്‌ കൊണ്ടുള്ള ചടങ്ങിന് ശേഷം അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. ജൂണ്‍ പകുതിയോടെ എല്ലാ സംസ്ഥാനങ്ങള്‍ക്കും വന്ദേ ഭാരത് ട്രെയിന്‍ ലഭിക്കുമെന്നും വൈഷ്ണവ് പറഞ്ഞു. കൂടാതെ ഈ ട്രെയിനുകളുടെ നിര്‍മ്മാണം ത്വരിതഗതിയിലാണെന്നും അദ്ദേഹം അറിയിച്ചു. ”എല്ലാ എട്ടാമത്തെയോ ഒമ്ബതാമത്തെയോ ദിവസം ഫാക്ടറിയില്‍ നിന്ന് ഒരു പുതിയ ട്രെയിന്‍ വരുന്നുണ്ട്. രണ്ട് ഫാക്ടറികളില്‍ കൂടി പണി തുടങ്ങാന്‍ പോകുകയാണ്. ഈ ഫാക്ടറികളുടെ വിതരണ ശൃംഖല സുസ്ഥിരമാകുമ്ബോള്‍ പുതിയ ട്രെയിന്‍ പുറത്തിറക്കുമെന്നും” മന്ത്രി പറഞ്ഞു.

ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച്‌ ഫാക്ടറിയിലാണ് ഈ തദ്ദേശീയ സെമി-ഹൈ സ്പീഡ് ട്രെയിനുകള്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ പഴയ ട്രാക്കുകളാകട്ടെ 70 നും 80 നും ഇടയില്‍ കിലോമീറ്റര്‍ വേഗതയെ പിന്തുണയ്ക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ്. അതിനാല്‍ 110 കിലോമീറ്റര്‍, 130 കിലോമീറ്റര്‍, 160 കിലോമീറ്റര്‍ തുടങ്ങിയ വേഗത പിന്തുണയ്ക്കുന്ന തരത്തില്‍ 25,000 മുതല്‍ 35,000 കിലോമീറ്റര്‍ ട്രാക്കുകളാണ് നവീകരിക്കുന്നത്. അടുത്ത മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂടാതെ അതിര്‍ത്തി പ്രദേശങ്ങളില്‍ റെയില്‍ കണക്റ്റിവിറ്റി പദ്ധതികള്‍ക്കായി റെയില്‍വേ അതിവേഗം പ്രവര്‍ത്തിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം ട്രെയിന്‍ യാത്രക്കാര്‍ക്ക് 4ജി -5ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും നിലവില്‍ സ്വീകരിച്ചു വരികയാണ്.

Previous articleഡേവിസ്‌ കപ്പ്‌ ; മൊറോക്കോയ്‌ക്കെതിരേ ഇന്ത്യക്കു ജയം
Next articleവെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 11,000 കവിഞ്ഞു ; 10,000 പേരെ കാണാതായി : ലിബിയൻ റെഡ് ക്രസന്റ്

Leave a Reply