
ലഖ്‌നൗ : ഇന്ത്യയുടെ വെറ്ററന്‍ ടെന്നീസ് താരം രോഹന്‍ ബൊപ്പണ്ണ ഡേവിസ് കപ്പ് കരിയര്‍ അവസാനിപ്പിച്ചതു ജയത്തോടെ. മൊറോക്കോയ്‌ക്കെതിരേ നടന്ന വേള്‍ഡ് ഗ്രൂപ്പ് 22 മത്സരത്തില്‍ ജയിച്ചാണു ബൊപ്പണ്ണ മടങ്ങിയത്. മിനി സ്‌റ്റേഡിയത്തില്‍ നടന്ന ഡബിള്‍സില്‍ ബൊപ്പണ്ണ – യൂകി ഭാംബ്രി സഖ്യം എലിയട്ട് ബെന്‍ചെട്രിറ്റ് – യോനസ് ലാലാമി സഖ്യത്തെ 6-2, 6-1 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണു തോല്‍പ്പിച്ചത്. 43 വയസുകാരനായ ബൊപ്പണ്ണ ഡേവിസ് കപ്പില്‍ തുടര്‍ന്നു കളിക്കാനില്ലെന്നു വ്യക്‌തമാക്കിയിരുന്നു. മൊറോക്കോയെ ഇന്ത്യ 3-1 നു തോല്‍പ്പിച്ചു. സിംഗിള്‍സില്‍ ശശികുമാര്‍ മുകുന്ദിന് പരുക്കേറ്റതിനാല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ മൊറോക്കോ 1-0 ത്തിനു മുന്നിലെത്തിയിരുന്നു.
യാസിനെ ഡിലിമിക്കെതിരായ മത്സരം 7-6 (4), 5-7, 1-4 എന്ന നിലയില്‍ പുരോഗമിക്കവേയാണു ശശികുമാര്‍ പിന്മാറിയത്. സുമിത് നാഗാല്‍ റിവേഴ്‌സ് സിംഗിള്‍സില്‍ യാസിനെ ഡിലിമിയെ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ മുന്നേറിയത്. സ്‌കോര്‍: 6-3, 6-3. ബൊപ്പണ്ണ ഡേവിസ് കപ്പില്‍ 50 മത്സരങ്ങള്‍ കളിച്ചു. 13 ഡബിള്‍സ് ഉള്‍പ്പെടെ 23 മത്സരങ്ങള്‍ ജയിച്ചു. രോഹന്‍ ബൊപ്പണ്ണയുടെ കുടുംബവും അടുത്ത സുഹൃത്തുക്കളും മത്സരം കാണാന്‍ ലഖ്‌നൗവിലെത്തിയിരുന്നു. ബൊപ്പണ്ണയുടെ ചിത്രമുള്ള ടീ ഷര്‍ട്ട് ധരിച്ചാണ് ആരാധകരെത്തിയത്.