പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ചേരുന്ന പ്രത്യേക സഭാ സമ്മേളനത്തിന്റെ ആദ്യ ദിനം പാര്‍ലമെന്റെ ചരിത്രം, രാജ്യത്തിന്റെ നിലവിലെ സാഹചര്യം, ഭാവി പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് നിര്‍ണായക ചര്‍ച്ചകള്‍ ഉണ്ടാകും. പ്രത്യേക ചര്‍ച്ച ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും തുടങ്ങുക എന്നാണ് സൂചന. രാജ്യസഭയില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും.
നാളെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നത്. അതിന് മുന്നോടിയായി പാര്‍ലമെന്റ് സെന്റര്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേരും. വിനായക ചതുര്‍ഥി ദിനമാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ബുധനാഴ്ച്ച മുതല്‍ പുതിയ മന്ദിരത്തില്‍ പതിവ് സിറ്റിങ് ആരംഭിക്കും. അതേസമയം അദാനി വിവാദം, ചൈനീസ് കടന്ന് കയറ്റം, മണിപ്പൂര്‍ കലാപം എന്നിവ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. വനിതാ സംവരണ ബില്‍ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിച്ച് പുതിയ മന്ദിരത്തില്‍ പാസാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.