Home ഇന്ത്യ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചതോടെ തിരക്കൊഴിഞ്ഞ് കോഴിക്കോട് നഗരം

വീണ്ടും നിപ ബാധ സ്ഥിരീകരിച്ചതോടെ തിരക്കൊഴിഞ്ഞ് കോഴിക്കോട് നഗരം

32
0

കോഴിക്കോട് : ജില്ലയില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചതോടെ നഗരവും പരിസരങ്ങളും ആളൊഴിഞ്ഞ നിലയിലായി. ഇതുവരെ ജില്ലയില്‍ ആറു പേര്‍ക്ക് നിപ പോസിറ്റിവായിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനും ചെറുവണ്ണൂരിലെ 31കാരനും നിപ സ്ഥിരീകരിച്ചതോടെ കോര്‍പറേഷൻ പരിധിയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിച്ച്‌ ജനം മാസ്കുകളും കരുതല്‍ നടപടികളും സ്വീകരിക്കുന്നുണ്ട്. സ്കൂളുകളും കോളജുകളും ട്യൂഷൻ സെന്‍ററുകളും അടഞ്ഞുകിടക്കുകയും പൊതുപരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും പല ഓഫിസുകളിലും വര്‍ക് ഫ്രം ഹോം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ റോഡുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം തിരക്ക് കുറഞ്ഞു.

നഗരത്തില്‍ സ്ഥിരം വാഹനക്കുരുക്ക് അനുഭവപ്പെടുന്ന പാളയം, മാനാഞ്ചിറ, നടക്കാവ് എന്നിവിടങ്ങളിലെല്ലാം സുഗമമായി യാത്ര ചെയ്യാവുന്ന അവസ്ഥയാണ് ഇപ്പോള്‍. കുറ്റ്യാടി, വടകര ഭാഗങ്ങളിലേക്കുള്ള ബസുകളിലും യാത്രക്കാര്‍ കുറവാണ്. നീണ്ട അവധി ലഭിച്ചതോടെ മറ്റു ജില്ലകളില്‍നിന്ന് മടങ്ങുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വൻ വര്‍ധന ഉണ്ടായതിനാല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ തിരക്കനുഭവപ്പെട്ടു. ആളുകള്‍ കൂട്ടംകൂടുന്ന നഗരത്തിലെ പ്രധാന വിനോദ വ്യാപാര കേന്ദ്രങ്ങളായ മിഠായിത്തെരുവിലും പാളയം മാര്‍ക്കറ്റിലും പതിവിലും കുറവ് തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറുകള്‍ കാത്തുനിന്ന ശേഷം മാത്രം ഭക്ഷണം ലഭിക്കാറുണ്ടായിരുന്ന ഹോട്ടലുകളിലും സീറ്റുകള്‍ ഒഴിഞ്ഞുകിടന്നു.

പഴം, പച്ചക്കറി വ്യാപാരികള്‍ക്കും കച്ചവടം കുറവാണ്. നഗരത്തിലെത്തുന്നവര്‍ കുറവായതിനാല്‍ ഓറഞ്ച്, ആപ്പിള്‍, പേരക്ക തുടങ്ങിയവയുടെ വില്‍പനയിലും കുറവുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. എന്നാല്‍, വിലയില്‍ മാറ്റമില്ല. മാസ്ക് നിര്‍ബന്ധമാക്കിയതോടെ കോവിഡ് കാലത്തേതുപോലെ മാസ്കുകള്‍ക്കും സാനിറ്റൈസറുകള്‍ക്കും ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്. മിക്ക മെഡിക്കല്‍ ഷോപ്പുകളിലും സ്റ്റോക്കുണ്ടായിരുന്ന മാസ്കുകളും മറ്റ് അവശ്യസാധനങ്ങളും പെട്ടെന്നുതന്നെ കാലിയായി. നിയന്ത്രണങ്ങള്‍ നിലവിലുണ്ടെങ്കിലും പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കാതെ എത്തിയവരും ധാരാളമുണ്ടായിരുന്നു.

കടപ്പുറത്ത് കൂട്ടംകൂടി നിന്ന ആളുകളെ പൊലീസ് ഒഴിപ്പിച്ചു. പാര്‍ക്കിലേക്കും ബീച്ചിലേക്കും ജനങ്ങള്‍ എത്തുന്നത് നിയന്ത്രിക്കണമെന്ന് കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാസ്ക് ധരിക്കണമെന്നും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും പൊലീസ് നിര്‍ദേശം നല്‍കി. പിങ്ക് പൊലീസും ലൈഫ് ഗാര്‍ഡുകളും ജനങ്ങളെ ബോധവത്കരിക്കുന്നുണ്ടെങ്കിലും പിഞ്ചുകുഞ്ഞുങ്ങളുമായി പലരും ബീച്ചില്‍ എത്തുന്നുണ്ട്. അവധിദിവസങ്ങളില്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്ന സ്ഥിതി ഒഴിവാക്കണമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശം. വിവാഹത്തിനും പൊതുപരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലും വെള്ളിയാഴ്ച എരഞ്ഞിപ്പാലത്തെ ഓഡിറ്റോറിയത്തില്‍ ആയിരത്തിലധികം ആളുകള്‍ പങ്കെടുത്ത വിവാഹം നടന്നതായും പരാതിയുണ്ട്.

Previous articleഇന്ത്യൻ വിദ്യാര്‍ഥികളുടെ വിസ ഫീസ് അടുത്തമാസം മുതല്‍ യു.കെ വര്‍ധിപ്പിക്കും
Next article‘കേരളോത്സവം 2023’ കെങ്കേമമാക്കി കുവൈത്ത് കേരള ബ്രദേഴസ് ടാക്സി (കെ.ബി.ടി ) വെല്‍ഫെയര്‍ അസോസിയേഷന്‍

Leave a Reply