ന്യൂഡല്‍ഹി : റെയില്‍വെയുടെ മുഖം മാറ്റിക്കൊണ്ടായിരുന്നു വന്ദേഭാരത് എക്സ്പ്രസ് ഇന്ത്യൻ റെയില്‍പാളങ്ങളില്‍ ചൂളം വിളിച്ച് പാഞ്ഞത്. രണ്ടുകയ്യും നീട്ടിയാണ് രാജ്യം വന്ദേഭാരത് എക്സ്പ്രസിനെ സ്വീകരിച്ചത്. ആദ്യ ഘട്ടത്തില്‍ ഇരുന്ന് യാത്ര ചെയ്യാനുള്ള ട്രെയിനുകളാണ് വന്ദേഭാരത് എക്സ്പ്രസിന്റെ പേരില്‍ എത്തിയത്. എന്നാല്‍ ഇപ്പോഴിതാ വലിയൊരു മാറ്റത്തിന് ഒരുങ്ങുകയാണ് വന്ദേഭാരത്. ഇനി മുതല്‍ വന്ദേഭാരത് സ്ലീപ്പര്‍, മെട്രോ സര്‍വീസുകള്‍ ആരംഭിക്കുകയാണ്. ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പുതിയ കോച്ചുകളുടെ നിര്‍മ്മാണം ആരംഭിച്ചിരിക്കുകയാണ്. ഈ സാമ്ബത്തിക വര്‍ഷത്തില്‍ കോച്ചുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും 2024 മാര്‍ച്ച് മാസത്തോടെ സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം. ചെറിയ ദൂര യാത്രകള്‍ക്കായി മെട്രോ കോച്ച് മാതൃകയിലും വന്ദേഭാരത് ട്രെയിൻ ഒരുങ്ങുന്നുണ്ട്.
12 കോച്ചുകളുള്ള മെട്രോ കോച്ചുകള്‍ ഹ്രസ്വ ദൂര സര്‍വീസിനാണ് ഉപയോഗിക്കുക. 2024 ജനുവരി മാസത്തോടെ മെട്രോ ട്രെയിൻ സര്‍വീസ് ആരംഭിച്ചേക്കും. അതേസമയം, മദ്ധ്യപ്രദേശിലെ നീമക്കില്‍ ഉടൻ തന്നെ വന്ദേഭാരത് സര്‍വീസ് നടത്തുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. ‘നീമക്ക് റൂട്ടില്‍ ഒരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അത്യാവശ്യമാണ്. നിങ്ങളുടെ എംപി ഇതുമായി ബന്ധപ്പെട്ട് റെയില്‍വെ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ഉടൻ തന്നെ വന്ദേഭാരത് എക്സ്പ്രസ് നിങ്ങളുടെ റൂട്ടില്‍ സര്‍വീസ് നടത്തും’- റെയില്‍വെ മന്ത്രി പറഞ്ഞു. 2019 ഫെബ്രുവരി 15ന് ആണ് വന്ദേഭാരത് എക്സ്പ്രസ് ആദ്യമായി രാജ്യത്ത് സര്‍വീസ് നടത്തിയത്. ന്യൂഡല്‍ഹി- വാരാണസി റൂട്ടില്‍ സര്‍വ്വീസ് ആരംഭിച്ച വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ളാഗ് ഓഫ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് വന്ദേഭാരത് എക്സ്പ്രസ് കേരളത്തില്‍ സര്‍വീസ് ആരംഭിച്ചത്.
തിരുവനന്തപുരം – കാസര്‍കോട് റൂട്ടിലാണ് വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. മംഗളൂരുവില്‍നിന്ന് കന്യാകുമാരിയിലേക്ക് വന്ദേഭാരത് അനുവദിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. എന്നാല്‍ ഏറ്റവും തിരക്കേറിയ കണ്ണൂര്‍ വരെ വന്ദേഭാരത് ഓടിക്കാനാണ് കേന്ദ്രം തീരുമാനിച്ചത്. ദക്ഷിണ റെയില്‍വേയിലെ മൂന്നാമത്തേതും രാജ്യത്തെ പതിനഞ്ചാമത്തേതുമായ വന്ദേഭാരതാണ് തിരുവനന്തപുരത്ത് ഏപ്രില്‍ 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. തിരുവനന്തപുരത്തു നിന്ന് രാവിലെ അഞ്ചിന് മുൻപ് പുറപ്പെട്ട് രാത്രിയോടെ തലസ്ഥാനത്ത് തിരിച്ചെത്തുന്ന തരത്തിലാണ് സര്‍വീസ്. 16 കോച്ചുള്ള, പൂര്‍ണമായി ശീതീകരിച്ച ട്രെയിനാണ് കേരള വന്ദേഭാരത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയില്‍പ്പെടുത്തി തദ്ദേശീയമായി നിര്‍മ്മിച്ചവയാണിവ.