മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്ബന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി. സൂപ്പര്‍താരം എര്‍ലിങ് ഹാലൻഡ് പപ്പടം കടിച്ചു നില്‍ക്കുന്ന ചിത്രത്തോടൊപ്പം ‘ഹാപ്പി ഓണം’ എന്ന കുറിപ്പും ക്ലബിന്‍റെ നീല നിറത്തിലുള്ള ലൗവ് ഇമോജിയുമാണ് സിറ്റി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഹാലൻഡിന്‍റെ പശ്ചാത്തലത്തില്‍ ഹൗസ് ബോട്ടുകളും കായലുമുള്ള ചിത്രമാണ് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഓണാശംസ നേര്‍ന്ന് സിറ്റി പങ്കുവെച്ച പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് വൈറലായത്.
നിരവധി മലയാളികള്‍ ഇതിനു താഴെ കമന്‍റ് ചെയ്തിട്ടുണ്ട്. ഇതിനു മുമ്ബും ക്ലബ് മലയാളികള്‍ക്ക് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഓണാശംസകള്‍ നേര്‍ന്നിരുന്നു. തുടര്‍ച്ചയായ മൂന്നാം മത്സരവും ജയിച്ച് പ്രീമിയര്‍ ലീഗ് പുതിയ സീസണില്‍ സിറ്റി ഒന്നാമതാണ്. കഴിഞ്ഞദിവസം നടന്ന എവേ മത്സരത്തില്‍ ഷെഫീല്‍ഡ് യുനൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് സിറ്റി ജയം സ്വന്തമാക്കിയത്.